ഒറ്റ നോട്ടത്തില്‍
കുരുവട്ടൂർ
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ പിരായിരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്. 17.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചേളന്നൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് കുന്ദമംഗലം പഞ്ചായത്ത്, പടിഞ്ഞാറ് കക്കോടി, ചേളന്നൂര്‍ പഞ്ചായത്തുകള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തെക്ക് കുന്ദമംഗലം പഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയാണ്. അവിഭക്ത മദിരാശി സംസ്ഥാനത്തിലെ പഴയ മലബാര്‍ ജില്ലയിലെ കോഴിക്കോട് താലൂക്കില്‍പ്പെട്ട ഒരു പ്രദേശമായിരുന്നു കുരുവട്ടൂര്‍. 1924-ല്‍ കുരുവട്ടൂര്‍ റവന്യൂ വില്ലേജിനോട് മായനാട് റവന്യൂ വില്ലേജില്‍പ്പെട്ട കോണോട്, ചെറുവറ്റ പറമ്പില്‍ പ്രദേശങ്ങള്‍ കൂട്ടിചേര്‍ത്തു 17.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രസ്തുത റവന്യൂ വില്ലുേജ് മുഴുവന്‍ ഉള്‍പ്പെടുന്നതാണ് 1961-ല്‍ രൂപീകൃതമായ കുരുവട്ടൂര്‍ പഞ്ചായത്ത്. കുരുവട്ടൂര്‍ പഞ്ചായത്ത് സമുദ്ര വിതാനത്തില്‍ നിന്ന് അല്പം ഉയര്‍ന്നു അറബിക്കടലില്‍ നിന്ന് സുമാര്‍ 14 കിലോമീറ്റര്‍ കിഴക്കു വശത്തായി പശ്ചിമഘട്ട പര്‍വ്വതപ്രാന്തങ്ങളെ പുണര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഗ്രാമപ്രദേശമാണ്. ചരിത്രമുണര്‍ത്തുന്ന പുനൂര്‍പുഴ പഞ്ചായത്തിന്റെ മൂന്നു ഭാഗങ്ങളില്‍ കൂടെയും ഒഴുകുന്നുണ്ട്. അങ്ങിങ്ങായി ഏതാനും തോടുകളും കുറ്റ്യാടി പദ്ധതിയുടെ ഒരു തോടും ഈ പഞ്ചായത്തില്‍ കൂടെ കടന്നു പോകുന്നുണ്ട്. വലുതും ചെറുതുമായ ഈ 23 കുന്നുകളും 2 കുന്നുകള്‍ ഭാഗികമായും ഇവിടെ ഉണ്ട്. കോഴിക്കോട് കോര്‍പ്പറേഷന് തൊട്ടുകിടക്കുന്നതും തീരദേശ സാമീപ്യവുമുള്ള ഒരു ഗ്രാമമാണെങ്കിലും കുന്നുകളും താഴ്വാരങ്ങളും ഇടയ്ക്കുള്ള താണ പ്രദേശമായ വയലുകളും ചേര്‍ന്ന് ഒരു ഭൂഭാഗമാണ് കുരുവട്ടൂര്‍.